KAPPELA
MOVIE WIKIKAPPELA news stories
NIVIN PAULY-യുടെ തുറമുഖം വരെ എത്തിയത് , മീൻ കച്ചവടവും AUTO ഓടിക്കലിൽ നിന്നും ! ഈ നടിയെ കണ്ടവരുണ്ടോ?
AUDITION-னு தனியா கூப்பிட்டு தப்பா TOUCH பண்றாங்க! - KAPPELA ANNA BEN'S LATEST VIDEO
KAPPELA RELATED CAST PHOTOS
KAPPELA MOVIE REVIEW
Review By : Behindwoods Review Board, Aravind Release Date : Mar 06,2020Movie Run Time : 1 hour 53 minutes Censor Rating : U
'ഐൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് 2015 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശം നേടിയ നടൻ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് കപ്പേള. ഒരു പെൺകുട്ടിയെ കേന്ദ്രീകരിച്ച് കഥ പറയുന്ന ചിത്രത്തിൽ അന്ന ബെൻ ആണ് നായിക. റോഷൻ, ശ്രീനാഥ് ഭാസി എന്നിവരും പ്രാധാന്യമുള്ള വേഷങ്ങളിലെത്തുന്നു.
വയനാട്ടിലും കോഴിക്കോടുമായാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വയനാട്ടിലെ ഒരു ഗ്രാമത്തിലെ ഒരു കൂലിപ്പണിക്കാരന്റെ മകളാണ് ജെസി. പ്ലസ് ടുവിന് ശേഷം പഠനം നിർത്തിയ ജെസിക്ക് ഗ്രാമത്തിന് പുറത്തെ ജീവിതവുമായി വലിയ പരിചയമൊന്നുമില്ല. യാദൃശ്ചികമായി ഒരു റോങ്ങ് നമ്പറിലൂടെ ജെസി വിഷ്ണു എന്ന ഓട്ടോ ഡ്രൈവറെ പരിചയപ്പെടുന്നു. പിന്നീട് സംസാരത്തിലൂടെ വളർന്ന ആ ബന്ധം പ്രണയത്തിലെത്തുന്നു.
സാധാരണ പ്രണയ കഥകളിൽ സംഭവിക്കാറുള്ള പോലെ, ഇതിനിടെ പെട്ടെന്ന് തന്നെ ജെസിയുടെ വിവാഹാലോചനയ്ക്ക് വീട്ടുകാർ തിടുക്കം കൂട്ടുന്നു. ഇതോടെ പ്രതിസന്ധിയിലാവുന്ന ജെസിയുടെ പ്രണയത്തിലേക്ക് ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന റോയ് എന്ന കഥാപാത്രം ഇടപെടുന്നതാണ് ചിത്രത്തിന്റെ കഥ.
കേട്ട് പരിചയിച്ചതും ഒരുപാട് തവണ സിനിമയിൽ വന്നതുമായ കഥയാണെങ്കിലും പ്രേക്ഷകരെ മുഷിപ്പിക്കാതെ കഥ മുന്നോട്ടു കൊണ്ടുപോവാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്. ആദ്യാവസാനം ഒരേ പേസിൽ പ്രേക്ഷകനെ ചിത്രത്തിനൊപ്പം കൂട്ടാനും, ക്ലൈമാക്സിനടുത്ത് ആവശ്യത്തിന് പഞ്ച് നൽകി നന്നായി തന്നെ അവസാനിപ്പിക്കാനും സംവിധായകന് സാധിച്ചു. സങ്കീർണമായ സാഹചര്യങ്ങളിലേക്ക് പോവാമായിരുന്നിട്ടും ലളിതമായി കഥ പറഞ്ഞ് ഫലിപ്പിച്ചത് ചിത്രത്തെ കൂടുതൽ ആസ്വാദ്യമാക്കിയിട്ടുണ്ട്.
ആദ്യ പകുതിയേക്കാൾ മികച്ച് നിന്നത് രണ്ടാം പകുതിയാണ്. ചിത്രത്തിന്റെ തുടക്കത്തിൽ തോന്നുന്ന പല മിസ്സിംഗിനും ക്ലൈമാക്സിനടുത്ത് ഉത്തരം കിട്ടുന്നുണ്ട്. തിരക്കഥയിൽ അൽപ്പം കൂടെ വ്യത്യസ്തത കൊണ്ടുവരാമായിരുന്നു.
ജെസി ആയി സ്ക്രീനിലെത്തിയ അന്ന ബെന്നിന് അവകാശപ്പെട്ടതാണ് ചിത്രത്തിനുള്ള കൈയ്യടികളിൽ ഏറിയ പങ്കും. കുമ്പളങ്ങി നൈറ്റ്സ് മുതൽ ഹെലനിലൂടെ ഇതുവരെ അന്ന തന്റെ കരിയർ ഗ്രാഫിൽ ഒരു വിട്ടുവീഴ്ചയുമില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഒരു ഗ്രാമീണ പെൺകുട്ടിയുടെ നിഷ്കളങ്കതയും പക്വതയും അത്രയും തന്മയത്തത്തോടെ അന്ന സ്ക്രീനിൽ എത്തിച്ചിരിക്കുന്നു.
ശ്രീനാഥ് ഭാസിയാണ് അസാധ്യ പ്രകടനം കാഴ്ചവച്ച മറ്റൊരു താരം. കഴിഞ്ഞ കുറേ ചിത്രങ്ങളിലായി ശ്രീനാഥിന്റെ പ്രകടനം വിസ്മയിപ്പിക്കുന്നതാണ്. അള്ള് രാമേന്ദ്രനിലെ അരവട്ടൻ കഥാപാത്രം, കുമ്പളങ്ങിയിലെ ഊമയായ കഥാപാത്രം, അഞ്ചാം പാതിരായിലെ ഹാക്കർ എന്ന് തുടങ്ങി ട്രാൻസിലെ ചെറിയ വേഷത്തിൽ പോലും തിളങ്ങിയ ശ്രീനാഥിന്റെ മറ്റൊരു മിന്നും വേഷമാണ് കപ്പേളയിലേത്.
മൂത്തോനിലെ പ്രകടനത്തിലൂടെ തന്നെ തന്റെ കഴിവ് തെളിയിച്ച താരമാണ് റോഷൻ മാത്യു. കപ്പേളയിലെ വിഷ്ണു എന്ന കഥാപാത്രം റോഷന്റെ കയ്യിൽ ഭദ്രമായിരുന്നു. ഒരു 'നല്ല പയ്യൻ' ഇമേജ് റോഷന് വളരെ നന്നായി വർക്ക് ഔട്ട് ചെയ്യാൻ പറ്റിയിട്ടുണ്ട്.
മികച്ച കാസ്റ്റിംഗ് തന്നെയാണ് ചിത്രത്തിന് വേണ്ടി നടത്തിയിട്ടുള്ളത്. ചെറിയ വേഷങ്ങളിലെത്തിയവർ പോലും നല്ല പ്രകടനം കാഴ്ചവച്ചു. സംവിധായകൻ മുസ്തഫയും ചിത്രത്തിൽ ഒരു വേഷം ചെയ്തിട്ടുണ്ട്. ശ്രീകാന്ത് മുരളി, നിഷ സാരംഗ്, സുധി കോപ്പ തുടങ്ങിയവരുടെ പ്രകടനങ്ങളും നന്നായിട്ടുണ്ട്.
ആദ്യ സംവിധാന സംരംഭം മുസ്തഫ മോശമാക്കാതെ തന്നെ ചെയ്തിട്ടുണ്ട്. പ്രേക്ഷകനെ മടുപ്പിക്കാതെ കഥയെ മുന്നോട്ട് കൊണ്ടുപോവുന്നുണ്ട്. ചിത്രത്തിന്റെ ടെക്നിക്കൽ സൈഡും മികച്ച് നിൽക്കുന്നു. ആദ്യ സീനിലെ മഴയിൽ തുടങ്ങി വയനാട്ടിലെയും കോഴിക്കോട്ടെയും ദൃശ്യ ഭംഗിയിലൂടെ ജിംഷി ഖാലിദിന്റെ ക്യാമറ സഞ്ചരിക്കുന്നുണ്ട്. ഗ്രാമാന്തരീക്ഷത്തിലും നഗരത്തിലും അനുയോജ്യമായ ദൃശ്യങ്ങളൊരുക്കി ഛായാഗ്രഹണം ചിത്രത്തിനൊപ്പം നിന്നു. സുഷിൻ ശ്യാമിന്റെ സംഗീതവും നന്നായി. മികച്ച എഡിറ്റിംഗിലൂടെ നൗഫൽ അബ്ദുല്ലയും ചിത്രത്തെ മികച്ചതാക്കി.