സേതു ലക്ഷ്മി ചേച്ചിയാണ് ഞങ്ങളുടെ നായിക; 'മറിയം വന്ന് വിളക്കൂതി' സംവിധായകന്റെ കുറിപ്പ്
Home > Malayalam Movies > Malayalam Cinema Newsപ്രേമം സിനിമയില്‍ നിന്ന് നടി സേതു ലക്ഷ്മി അഭിനയിച്ച ഭാഗങ്ങള്‍ എഡിറ്റ് ചെയ്യുമ്പോള്‍ ഒഴിവാക്കേണ്ടി വന്നതിനെക്കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇന്നലെ വെളിപ്പെടുത്തിയിരുന്നു. സേതു ലക്ഷ്മിയുടെ പ്രകടനം മോശമായത് കൊണ്ടല്ല, തിരക്കഥ വഴിമാറിപ്പോവുന്നതിനാലാണ് ഭാഗം നീക്കം ചെയ്തതെന്നായിരുന്നു നടന്‍ ശബരീഷ് വര്‍മ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. എന്നാല്‍ തങ്ങളുടെ സിനിമയില്‍ സേതു ലക്ഷ്മിയെ പ്രധാന കഥാപാത്രമായി കാസ്റ്റ് ചെയ്തതിനെക്കുറിച്ച് വെളിപ്പെടുത്തി ഇന്ന് മറ്റൊരു സംവിധായകന്‍ രംഗത്ത് വന്നിരിക്കുകയാണ്.
'മറിയം വന്ന് വിളക്കൂതി' എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജെനിത് കാച്ചപ്പിള്ളിയാണ് സേതു ലക്ഷ്മിയെക്കുറിച്ച് തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. സേതുലക്ഷ്മിക്കൊപ്പം നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് ജെനിത്തിന്റെ കുറിപ്പ്.
തന്റെ സിനിമയുടെ കഥ പറയാന്‍ ആദ്യമായി സേതു ലക്ഷ്മിച്ചേച്ചിയുടെ അടുത്തേക്ക് പോവുമ്പോള്‍ ഒരു ഡയറി മില്‍ക്കും വാങ്ങിയാണ് ചെന്നതെന്നും കഥ പറയുമ്പോള്‍ ചേച്ചി ഓരോ ഡയലോഗും ഉരുവിടുന്നത് കണ്ട് സന്തോഷം തോന്നിയിട്ടുണ്ടെന്നും ജെനിത്ത് കുറിക്കുന്നു.
ജെനിത് കാച്ചപ്പിള്ളിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം:
മറിയം വന്ന് വിളക്കൂതിയുടെ കഥ ആദ്യമായി സേതുലക്ഷ്മി ചേച്ചിയുടെ അടുത്ത് പറയാന്‍ പോകുന്നത് ഒരു ഡയറി മില്‍ക്കും വാങ്ങിച്ചിട്ടാണ്. അത് എന്തിനാണ് എന്ന് ചോദിച്ചാ എന്തോ എനിക്ക് അങ്ങനെ തോന്നി. എനിക്ക് ചേച്ചി ഒരു മുത്തശ്ശി ഫീല്‍ ആണ്. കഥാപാത്രങ്ങളിലൂടെ തന്നെ ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് ഒക്കെയാണ് മെഗാ മീഡിയയില്‍ വെച്ച് ആദ്യമായി കഥ പറയാന്‍ പോകുമ്പോ ഒരു ഡയറി മില്‍ക്ക് വാങ്ങി കയ്യില്‍ കരുതിയത്.
കഥ പറയുന്ന സമയത്ത് മറിയാമ്മയുടെ ഓരോ ഡയലോഗും ഞാന്‍ കഥ പറയുന്ന കൂടെ തന്നെ പറഞ്ഞു നോക്കുന്ന ആ ഡെഡിക്കേഷന്‍ കണ്ട് വലിയ സന്തോഷം തോന്നിയിട്ടുണ്ട്. നാടക കാലഘട്ടങ്ങളില്‍ നിന്നേയുള്ള ചേച്ചിയുടെ ശീലം ആയിരിക്കണം. സെറ്റിലും കഴിയുമ്പോഴൊക്കെയും ഡയലോഗ് ഉരുവിട്ട് നടക്കുന്ന ചേച്ചിയെ ആണ് കണ്ടിട്ടുള്ളത്. അത് കാണുമ്പോ ഒരു സംവിധായകന്‍ എന്ന നിലയില്‍ വലിയ സന്തോഷം തോന്നും. വരുമ്പോഴും പോകുമ്പോഴും കൃത്യമായി സംവിധായകന്റെ, ക്യാമറയുടെ അടുത്ത് വന്ന് വരുന്നതും പോകുന്നതും അറിയിക്കുന്ന, ഇപ്പോഴും മക്കളുടെ മക്കളുടെ പ്രായമുള്ള സംവിധായകന്‍ ആണെങ്കിലും സര്‍ എന്ന് വിളിച്ചു പോകുന്ന, സ്‌നേഹത്തോടെ ഞാനൊക്കെ ആ വിളി തിരുത്തിയിട്ടുള്ള, അത്രയേറെ പ്രിയപ്പെട്ട സേതുലക്ഷ്മി ചേച്ചി. ആ ചേച്ചിയാണ് ഞങ്ങളുടെ നായിക.
മൂന്ന് വര്‍ഷത്തോളം പരന്നു കിടന്ന ഈ സിനിമയുടെ അധ്വാനത്തിന്റെ ചരിത്രത്തില്‍ ഓരോ തവണ ഓരോ ആവശ്യത്തിന് വിളിക്കുമ്പോഴും പ്രായത്തിന്റെയും യാത്രയുടെയും ബുദ്ധിമുട്ടുകള്‍ക്ക് ഇടയിലും ഓടി വന്നിട്ടുള്ള, ലേറ്റ് നൈറ്റ് ഷൂട്ട് പോയി ഞങ്ങള്‍ ബുദ്ധിമുട്ടിച്ചിട്ടുള്ള ഞങ്ങളുടെ മറിയാമ്മ ജോര്‍ജ്.
ചേച്ചി ഇടയ്ക്ക് വിളിക്കും എന്നിട്ട് ചോദിക്കും 'പടം നന്നായിട്ട് വന്നിട്ടുണ്ടോ മക്കളേ?'. ഞാന്‍ നന്നായി വന്നിട്ടുണ്ട് എന്ന് പറയുമ്പോ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കും.
ഈ അടുത്ത് പ്രോമോ സോങ്ങിന്റെ ഷൂട്ടിന് വന്നപ്പോള്‍ ചേച്ചി കൂടെ ഉള്ള ഒരാളോട് പറഞ്ഞു. 'അന്നൊക്കെ എന്നെ വിടാന്‍ വൈകുമ്പോള്‍ ഞാന്‍ അവനെ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാലും അവന്റെ 3 വര്‍ഷമായുള്ള അധ്വാനം എനിക്ക് അറിയാം. അവനത് വിട്ടില്ലല്ലോ. അവന്‍ വിജയിക്കും'...
ഈ 31 ന് അതായത് മറ്റന്നാള്‍ മറിയം വന്ന് വിളക്കൂതി റിലീസ് ആണ്. ചേച്ചിയുടെ വാക്കുകള്‍ പൊന്നാകട്ടെ.