മമ്മൂട്ടിയുടെ ഷൈലോക്കിനെക്കുറിച്ചുള്ള ആ പ്രചാരണം തെറ്റ്; പ്രതികരിച്ച് നിര്‍മാതാവ്
Home > Malayalam Movies > Malayalam Cinema Newsമമ്മൂട്ടിയുടെ മാസ് എന്റര്‍ടൈനര്‍ ചിത്രം ഷൈലോക്ക് തീയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദര്‍ശനം തുടരുകയാണ്. അതിനിടെ ചിത്രത്തെക്കുറിച്ച് പ്രചരിച്ച ഒരു വ്യാജ വാര്‍ത്തയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഷൈലോക്കിന്റെ നിര്‍മാതാവ് ജോബി ജോര്‍ജ്.
ഷൈലോക്കിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഫെബ്രുവരി 23 മുതല്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളിലൂടെ ലഭ്യമാവുമെന്നായിരുന്നു പ്രചാരണം. നിരവധി പേര്‍ ട്വിറ്ററിലും ഫേസ്ബുക്കിലുമായി ഈ പ്രചാരണം ഏറ്റുപിടിച്ചിരുന്നു. എന്നാല്‍ അത് സത്യമല്ലെന്നാണ് നിര്‍മാതാവ് ജോബി ജോര്‍ജ് വ്യക്തമാക്കിയിരിക്കുന്നത്.
ചിത്രം ഒരിക്കല്‍ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ് ഫോമുകളില്‍ റിലീസ് ചെയ്യുമെന്നും എന്നാല്‍ അത് ഫെബ്രുവരി 23-ന് എന്തായാലും വരില്ലെന്നുമാണ് ജോബി വ്യക്തമാക്കിയിരിക്കുന്നത്. 'സ്‌നേഹിതരെ വരില്ല എന്ന് ഞാന്‍ പറയില്ല, എന്നാല്‍ feb 23 ന് തലേം കുത്തിനിന്നാലും വരില്ല പിന്നെന്തിനാണ്? ആര്‍ക്കുവേണ്ടി? ദൈവമേ ഈ കുഞ്ഞാടിനെ കാത്തോണേ... സത്യം സത്യമായി ഞാന്‍ നിന്നോട് പറയുന്നു വാളെടുക്കുന്നവന്‍ വാളാലെ.' -എന്നാണ് ജോബി ജോര്‍ജ് ഫേസ്ബുക്കില്‍ കുറിച്ചത്.
അതേസമയം, ചിത്രം തീയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഈ മാസം 23-ന് റിലീസ് ചെയ്ത ചിത്രം എല്ലാ സെന്ററുകളിലും നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. ആദ്യ നാല് ദിവസങ്ങള്‍ക്കുള്ളില്‍ നാനൂറിലധികം അധിക പ്രദര്‍ശനങ്ങളാണ് ചിത്രത്തിന് ലഭിച്ചത്.
രാജാധിരാജ, മാസ്റ്റര്‍ പീസ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും അജയ് വാസുദേവും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഷൈലോക്ക്. ഗുഡ്വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബിബിന്‍ മോഹനും അനീഷ് ഹമീദുമാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയത്. മീന, ബിബിന്‍ ജോര്‍ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, അര്‍ത്ഥന ബിനു തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.