FORENSIC (MALAYALAM) MOVIE REVIEW
അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലറോടെയാണ് ഈ വര്‍ഷത്തെ ബോക്‌സ് ഓഫിസ് ഹിറ്റുകളുടെ ആരംഭം. തുടര്‍ന്ന് ജയസൂര്യ നായകനായ ക്രൈം ത്രില്ലര്‍ അന്വേഷണവും തീയേറ്ററുകളിലെത്തി. പൂര്‍ണമായും ജോണറിനോട് നീതി പുലര്‍ത്തിയാണ് ഈ രണ്ട് ചിത്രങ്ങളും പുറത്തിറങ്ങിയത്. ആ നിരയിലേക്കാണ് ടൊവീനോ നായകനായ ഫോറന്‍സിക്കും കടന്ന് വരുന്നത്. ട്രൈലര്‍ പുറത്തിറങ്ങിയത് മുതല്‍ അഞ്ചാം പാതിരായും ഫോറന്‍സികും തമ്മില്‍ സാമ്യങ്ങള്‍ പലരും ആരോപിച്ചിരുന്നെങ്കിലും പൂര്‍ണമായും വ്യത്യസ്തമായ പ്ലോട്ടുകളാണ് രണ്ട് ചിത്രത്തിനുമുള്ളത്.
തലസ്ഥാന നഗരിയില്‍ ഒരു പെണ്‍കുട്ടിയെ കാണാതാവുന്നു. രണ്ട് ദിവസത്തിന് ശേഷം ഒരു കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടുകിട്ടുന്നു. റിഥിക സേവ്യര്‍ എന്ന പൊലീസ് ഓഫിസറാണ് കേസ് അന്വേഷിക്കാനെത്തുന്നത്. മംമ്ത മോഹന്‍ദാസാണ് റിഥികയായി ചിത്രത്തിലെത്തുന്നത്. തന്റെ സംഘത്തിലേക്ക് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥനെ റിഥിക ആവശ്യപ്പെടുന്നു. അങ്ങനെ ടൊവീനോ അവതരിപ്പിക്കുന്ന സാമുവല്‍ ജോസ് കാട്ടൂക്കാരന്‍ എന്ന മെഡിക്കോ ലീഗല്‍ ഉദ്യോഗസ്ഥന്‍ റിഥികയുടെ ടീമില്‍ എത്തുന്നു. നഗരത്തില്‍ നടക്കുന്ന സീരിയല്‍ കൊലപാതകങ്ങളിലേക്ക് ഇരുവരും ചേര്‍ന്ന് നടത്തുന്ന അന്വേഷണമാണ് ചിത്രത്തിന്റ പ്ലോട്ട്.
ടൊവീനോ തോമസിന്റെ ഒരു വ്യത്യസ്ത വേഷമാണ് സാമുവല്‍ ജോസ് കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥന്‍. നന്നായി തന്നെ ടൊവീനോ തന്റെ റോള്‍ ചെയ്തിരിക്കുന്നു. ആക്ഷന്‍ സീനുകള്‍ വളരെ ചെറുതാണെങ്കിലും ടൊവീനോ സ്‌റ്റൈല്‍ ആയി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
അനസ് ഖാനും സെവന്‍ത് ഡേയുടെ തിരക്കഥാകൃത്തായ അഖില്‍ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാമാന്യം മികച്ച തിരക്കഥ തന്നെ ചിത്രത്തിനായി ഒരുക്കിയിട്ടുണ്ട്. ഓരോ ട്വിറ്റുകള്‍ വെളിപ്പെടുമ്പോഴും പ്രേക്ഷകനെ സിനിമയില്‍ പിടിച്ചിരുത്താനായി അടുത്ത സസ്‌പെന്‍സുകള്‍ കൂടി ഒളിച്ചുവച്ചാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.
മലയാളത്തിലെ ക്രൈം ത്രില്ലറുകള്‍ ഇതുവരെ പരിചയപ്പെടാത്ത ചില ഘടകങ്ങള്‍ കൂടി പ്ലോട്ടില്‍ ഉണ്ട്. ചില ട്വിസ്റ്റുകള്‍ പ്രേക്ഷകരെ അത്രയധികം ഞെട്ടിക്കാന്‍ പോലും പ്രാപ്തമാണ്. സ്‌ക്രിപ്റ്റിലെ ട്വിസ്റ്റുകളും സസ്‌പെന്‍സുകളും സ്‌ക്രീനില്‍ അവതരിപ്പിക്കുമ്പോള്‍ കുറച്ച് കൂടി ഗ്രിപ് നല്‍കിയിരുന്നെങ്കില്‍ ചിത്രം മറ്റൊരു ലെവലില്‍ എത്തിയേനെ.
ദുരന്തപൂര്‍ണമായ ഭൂതകാലത്തെ വച്ച് സൈക്കോ കൊലപാതകികളുടെ കൊലപാതകങ്ങള്‍ക്ക് മോട്ടീവ് നല്‍കുന്ന പതിവ് രീതി ഏറെക്കുറേ ചിത്രത്തില്‍ ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിലെ ക്രിമിനല്‍ ഒരു 'ബോണ്‍ സൈക്കോ' ആണെന്ന് കാണിക്കുക മാത്രമാണ് ചിത്രം ചെയ്യുന്നത്. പ്ലോട്ടിന് ആണ് സംവിധായകര്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നത്. ടൊവീനോയുടെയോ സൈക്കോപാത്തിന്റെയോ ക്യാരക്ടറിന് കുറച്ച് കൂടി ഡെപ്ത് നല്‍കിയിരുന്നെങ്കില്‍ ചിത്രത്തിലേക്ക് പ്രേക്ഷകരെ കുറച്ച് കൂടി നന്നായി എന്‍ഗേജ് ചെയ്യിക്കാന്‍ കഴിഞ്ഞേനെ.
ജേക്‌സ് ബിജോയ് ഒരുക്കിയ ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് മികച്ച് നിന്നു. പ്രത്യേകിച്ച് സൈക്കോപാത്ത് തീം മ്യൂസിക് വ്യത്യസ്തവും എന്നാല്‍ ക്രൈമിന്റെ സ്വഭാവത്തോട് യോജിച്ച് നില്‍ക്കുന്നതുമായി.
അഖില്‍ ജോര്‍ജിന്റെ വിഷ്വല്‍സും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗും മോശമായില്ല. മറ്റു അഭിനേതാക്കളില്‍ സൈജു കുറുപ്പിന്റെയും രഞ്ജി പണിക്കറിന്റെയും പ്രകടനമാണ് എടുത്ത് പറയേണ്ടത്. രഞ്ജി പണിക്കറിന്റെ പതിവ് 'ലൗഡ് ആന്‍ഡ് അരഗന്റ്' കഥാപാത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരു പതിഞ്ഞ സ്വഭാവമുള്ള ക്യാരക്ടറും ശ്രദ്ധേയമാണ്.
FORENSIC (MALAYALAM) VIDEO REVIEW
BEHINDWOODS REVIEW BOARD RATING
PUBLIC REVIEW BOARD RATING
REVIEW RATING EXPLANATION