കെ.എസ്.യു നേതാവില്‍ നിന്ന് 'മതം വിട്ട പെണ്ണി'ലേക്ക്; ബിഗ് ബോസിലെ ജസ്‌ലയെ പരിചയപ്പെടാം
Home > Malayalam Movies > Malayalam Cinema Newsരണ്ട് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികളാണ് ബിഗ് ബോസില്‍ കഴിഞ്ഞ ദിവസം നടന്നിരിക്കുന്നത്. ദയ അച്ചു, ജസ്ല മാടശ്ശേരി എന്നിവരാണ് ബിഗ് ബോസ് മലയാളം സീസണ്‍ 2-ലേക്ക് ഇന്നലെ പുതിയതായി എത്തിയത്. സോമദാസിനെ ആരോഗ്യ കാരണം പറഞ്ഞ് പുറത്തേക്ക് അയക്കുകയും രജിനി ചാണ്ടി എലിമിനേഷനിലൂടെ പുറത്താവുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ഇരുവരുടെയും വൈല്‍ഡ് കാര്‍ഡ് എന്‍ട്രി. തന്റെ നിലപാടുകള്‍ കൊണ്ടും സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ കൊണ്ടും ശ്രദ്ധേയയായ ജസ്ല മാടശ്ശേരിയുടെ ബിഗ് ബോസ് പ്രവേശം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്.
2017-ല്‍ തിരുവനന്തപുരത്ത് നടന്ന രാജ്യാന്തര ചലച്ചിത്ര മേള വേദിയില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതോടെയാണ് ജസ്ല മാടശ്ശേരി ആദ്യമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്. തട്ടമിട്ട യുവതി ഫ്‌ളാഷ് മോബ് നടത്തിയെന്ന് പറഞ്ഞ് ഒരു കൂട്ടര്‍ ജസ്ലയ്‌ക്കെതിരെ സൈബര്‍ ആക്രമണം നടത്തിയിരുന്നു. എയിഡ്‌സ് ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് മൂന്ന് പെണ്‍കുട്ടികള്‍ നടത്തിയ ഫ്‌ളാഷ് മോബിനെതിരെ സൈബര്‍ ആക്രമണം ഉണ്ടായ സാഹചര്യത്തിലായിരുന്നു ഫേസ്ബുക്ക് കൂട്ടായ്മയായ ഫ്രീ തിങ്കേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ ജസ്ല തിരുവനന്തപുരത്ത് ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചത്. അന്ന് കെ.എസ്.യുവിന്റെ മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു ജസ്ല.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.പി സാനുവിന് പിന്തുണ പ്രഖ്യാപിച്ചതും പ്രഭാഷകന്‍ മുജാഹിദ് ബാലുശ്ശേരിക്കെതിരെ വിമര്‍ശനമുയര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതും ജസ്ല വീണ്ടും സോഷ്യല്‍ മീഡിയയില്‍ വിവാദമാകാന്‍ കാരണമായി.
സാമൂഹ്യ പ്രവര്‍ത്തകനായ ഫിറോസ് കുന്നംപറമ്പിലുമായുള്ള സൈബര്‍ തര്‍ക്കമാണ് ജസ്ല മാടശ്ശേരിയെ ഈ അടുത്ത കാലത്ത് വീണ്ടും വിവാദത്തിലെത്തിച്ചത്. തനിക്ക് രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പ്രഖ്യാപിച്ചിരുന്ന ഫിറോസ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണം നടത്തിയതിനെ വിമര്‍ശിച്ച് ജസ്ല ഫേസ്ബുക്കിലെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരും തമ്മില്‍ ഫേസ്ബുക്ക് ലൈവിലൂടെ ഏറ്റുമുട്ടിയത്. ജസ്ലയെ വ്യക്തിപരമായി അധിക്ഷേപിച്ച് ഫിറോസ് കുന്നുംപറമ്പില്‍ രംഗത്തെത്തുകയും അതിന് മറുപടിയുമായി വീണ്ടും ജസ്ല ലൈവിലെത്തുകയും ചെയ്തതോടെ വിഷയം വിവാദമാവുകയായിരുന്നു. സ്ത്രീകളെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന വനിതാ കമ്മിഷന്‍ ഈ വിഷയത്തില്‍ ഫിറോസിനെതിരെ സ്വമേധയാ കേസെടുക്കുകയും വിഷയത്തില്‍ ഫിറോസ് മാപ്പു പറയുകയുമായിരുന്നു.
എസ്സന്‍സ് ഗ്ലോബല്‍ എന്ന സംഘടനയുടെ പരിപാടിയില്‍ 'മതം വിട്ട പെണ്ണ്' എന്ന പേരില്‍ ഒരു പ്രഭാഷണം അവതരിപ്പിച്ചാണ് ജസ്ല അവസാനമായി ഓണ്‍ലൈനില്‍ ശ്രദ്ധേയയായത്. മതത്തില്‍ നിന്ന് വിട്ട് നില്‍ക്കേണ്ടി വരുന്ന സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പ്രഭാഷണത്തിന്റെ യൂട്യൂബ് റിലീസ് വലിയ ഹിറ്റ് ആയിരുന്നു.