എന്തൊരു സാദൃശ്യം; സത്യന്‍ അന്തിക്കാടിന്റെയും മകന്റെയും ആദ്യ ചിത്രത്തിലെ സാമ്യം
Home > Malayalam Movies > Malayalam Cinema Newsസംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം 'വരനെ ആവശ്യമുണ്ട്' തീയേറ്ററുകളിലെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ അനൂപിന്റെ ആദ്യ ചിത്രവും സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രവും തമ്മിലുള്ള രസകരമായ ഒരു സാമ്യത ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഒരു പ്രേക്ഷകന്‍.
വരനെ ആവശ്യമുണ്ട് എന്നാണ് അനൂപ് സത്യന്റെ ആദ്യ ചിത്രത്തിന്റെ പേര്. സത്യന്‍ അന്തിക്കാടിന്റെ ആദ്യ ചിത്രം കുറുക്കന്റെ കല്ല്യാണത്തിന്റെ പോസ്റ്ററില്‍ എഴുതിയിരുന്നത് 'വധുവിനെ ആവശ്യമുണ്ട്' എന്നാണെന്ന കൗതുകമാണ് റോയ് വി.ടി എന്നയാള്‍ പങ്കുവച്ചിരിക്കുന്നത്.
റോയ് വി.ടിയുടെ ഫേസ്ബുക്ക് കുറിപ്പ്:
'വരനെ ആവശ്യമുണ്ട് എന്ന പേരില്‍ പുതിയൊരു സിനിമ തിയേറ്ററുകളില്‍ റിലീസായിട്ടുണ്ടല്ലോ. ഇതിലൂടെ പ്രശസ്ഥ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചിരിക്കുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ആദ്യചിത്രം കുറുക്കന്റെ കല്യാണം റിലീസായത് 1982ലാണ്. ഇന്ന് മകന്റെ (അനൂപ് സത്യന്‍) ആദ്യചിത്രത്തിന്റെ പേര് വരനെ ആവശ്യമുണ്ട് എന്നാണെങ്കില്‍, അന്ന് അച്ഛന്റെ (സത്യന്‍ അന്തിക്കാട്) ആദ്യചിത്രത്തിന്റെ പരസ്യത്തില്‍ നല്കിയവാചകം വധുവിനെ ആവശ്യമുണ്ട് എന്നായിരുന്നു. യാദൃശ്ചികം ആണെങ്കിലും ഈ സാദൃശ്യം ഒരുപക്ഷെ മകന് അറിയില്ലായിരിക്കും, അച്ഛന് ഇക്കാര്യം ഓര്‍മ്മയുണ്ടാകുമോ എന്തോ !'
ഒരിടവേളയ്ക്ക് ശേഷം സുരേഷ് ഗോപിയും ശോഭനയും തിരിച്ച് വരവ് നടത്തിയ ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിച്ച ചിത്രത്തില്‍ താരവും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കല്ല്യാണി പ്രിയദര്‍ശന്‍ മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.