'ഇന്‍ഷാ അല്ലാഹ്' ഒരുങ്ങുന്നു; ജൂണിന് ശേഷം അഹമ്മദ് കബീര്‍ ചിത്രം
Home > Malayalam Movies > Malayalam Cinema NewsBy Jadeer | Jan 10, 2020 12:29 PM
ജൂണ്‍ എന്ന ചിത്രത്തിന് ശേഷം അഹമ്മദ് കബീറിന്റെ സംവിധാനത്തില്‍ 'ഇന്‍ഷാ അല്ലാഹ്' ഒരുങ്ങുന്നു. ജോജു ജോര്‍ജ് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അപ്പു പാത്തു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോജു ജോര്‍ജും സിജോ വടക്കനും ചേര്‍ന്ന് ചിത്രം നിര്‍മിക്കും.
ജോജു ജോര്‍ജിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷമായിരുന്നു 2019, തീയേറ്ററുകളില്‍ വിജയം കൊയ്ത പൊറിഞ്ചു മറിയം ജോസും അവാര്‍ഡ് വേദികളില്‍ ശ്രദ്ധിക്കപ്പെട്ട ചോലയുമാണ് ജോജുവിന്റെ കഴിഞ്ഞ വര്‍ഷത്തെ കരിയര്‍ ഗ്രാഫിലെ ഹൈലൈറ്റുകള്‍. ജൂണ്‍, വൈറസ്, വലിയ പെരുന്നാള്‍ തുടങ്ങിയ ജനപ്രിയ ചിത്രങ്ങളുടെ ഭാഗമാകാനും 2019-ല്‍ ജോജുവിന് സാധിച്ചു. ജൂണിന്റെ സംവിധായകനൊപ്പം ജോജു പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം വളരെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ക്രിസ്മസിന് പുറത്ത് വിട്ടിരുന്നു. നിറയെ പൂക്കള്‍ കൊണ്ട് ഇന്‍ഷാ അല്ലാഹ് എന്ന് എഴുതിയ ടൈറ്റില്‍ പോസ്റ്ററാണ് പുറത്ത് വിട്ടത്. ഒരു ഫീല്‍ ഗുഡ് ചിത്രത്തിന്റെ സൂചനയാണ് പോസ്റ്റര്‍ തരുന്നത്.
ജോസഫ്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ജോജു നായകനായെത്തുന്ന ചിത്രം എന്ന പ്രത്യേകത കൂടി 'ഇന്‍ഷാ അല്ലാഹ്'ക്കുണ്ട്. ആഷിക് ഐമറാണ് തിരക്കഥ. ജിതിന്‍ സ്റ്റാനിസ്ലാസ് ഛായാഗ്രഹണവും മഹേഷ് ഭുവനേന്ദ് ചിത്രസംയോജനവും നിര്‍വഹിക്കും. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് ഇഫ്തികാര്‍ അലി സംഗീതം പകരും.
തമഴ് ചിത്രം സുരുളി, മമ്മൂട്ടി നായകനാവുന്ന 'വണ്‍', രാജീവ് രവി സംവിധാനം ചെയ്യുന്ന 'തുറമുഖം' തുടങ്ങിയവയാണ് ജോജു അഭിനയിക്കുന്ന ഈ വര്‍ഷത്തെ മറ്റു ചിത്രങ്ങള്‍.