'താടിക്കാരന്‍ ആടുകളുടെ അടുത്തേക്ക് പോവും മുമ്പ്'; കുടുംബ ചിത്രം പങ്കുവച്ച് സുപ്രിയ
Home > Malayalam Movies > Malayalam Cinema Newsമലയാളികളുടെ ഇഷ്ട താരകുടുംബമാണ് നടന്‍ പൃഥ്വിരാജിന്റേത്. ആരാധകരുമായി നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ സംവദിക്കാറുണ്ട് കുടുംബത്തിലെ ഓരോരുത്തരും. പൃഥ്വിയും സഹോദരന്‍ ഇന്ദ്രജിത്തും ഇവരുടെ ഭാര്യമാരായ സുപ്രിയ മേനോനും പൂര്‍ണിമയും അമ്മ മല്ലിക സുകുമാരനും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ തമാശയുണ്ടാക്കാറുണ്ട്.

ഇപ്പോഴിതാ, ഒരു ഫാമിലി ഗെറ്റ് ടുഗതറിന്റെ ചിത്രം പങ്കുവച്ച് ആരാധകരുടെ മനസു നിറച്ചിരിക്കുകയാണ് സുപ്രിയ മേനോന്‍. പൃഥ്വിരാജും സുപ്രിയയും ഇന്ദ്രജിത്തും പൂര്‍ണിമയുമുള്ള സെല്‍ഫിയാണ് സുപ്രിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ആടു ജീവിതത്തിനായി പൃഥ്വി പോവുന്നതിന് മുമ്പേ' - എന്ന ഹാഷ്ടാഗിലാണ് ചിത്രം. താടിക്കാരന്‍ എന്നാണ് ക്യാപ്ഷനില്‍ സുപ്രിയ പൃഥ്വിരാജിനെ സൂചിപ്പിച്ചിരിക്കുന്നത്.
ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. ചിത്രത്തിന് വേണ്ടി പൂര്‍ണമായും തന്നെ സമര്‍പ്പിച്ചിരിക്കുകയാണെന്ന് പൃഥ്വി ഈയടുത്ത് ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
സെപ്തംബറില്‍ പൂര്‍ത്തിയാവുന്ന ആടുജീവിതത്തിന് ശേഷം മാത്രമേ ഏതെങ്കിലും പുതിയ ചിത്രം ഇനി ആരംഭിക്കൂ എന്നും പൃഥ്വി പറഞ്ഞിരുന്നു.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആടുജീവിതത്തില്‍ എ.ആര്‍ റഹ്മാന്‍ ആണ് സംഗീതം.
28 വര്‍ഷങ്ങള്‍ക്ക് ശേഷം റഹ്മാന്‍ വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. 1992-ല്‍ സംഗീത് ശിവന്‍ സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം യോദ്ധയിലാണ് റഹ്മാന്‍ ആദ്യമായും അവസാനമായും മലയാളത്തില്‍ സംഗീതം ചെയ്തത്.
ചിത്രത്തില്‍ അമല പോള്‍ ആണ് നായിക. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തിലെത്തുന്നു. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് നിര്‍മാണം.