മകന്റെ ഉത്തരക്കടലാസ് പങ്കുവച്ച് റസൂല്‍ പൂക്കുട്ടി; 'ടീച്ചര്‍മാര്‍ എന്താ ഇങ്ങനെ'
Home > Malayalam Movies > Malayalam Cinema Newsനിലപാടുകള്‍ വെട്ടിത്തുറന്ന് പറയുന്ന സ്വഭാവമാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടേത്. രാഷ്ട്രീയവും കലയും ചിന്തയുമൊക്കെ അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയയിലൂടെ ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോഴിതാ, തന്റെ മകന്റെ ഉത്തരക്കടലാസാണ് റസൂല്‍ പൂക്കുട്ടി ഷെയര്‍ ചെയ്തിരിക്കുന്നത്.
ചിത്രത്തോടൊപ്പം പൂക്കുട്ടി കുറിച്ചത് ഇതാണ്: 'ഞാന്‍ എന്റെ മകന്റെ ഉത്തരപേപ്പര്‍ പരിശോധിക്കുകയാണ്. ഇതില്‍ രണ്ട് ഉത്തരങ്ങള്‍ എനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കി. രണ്ട് ഉത്തരങ്ങളും അവന്റെ പുസ്തകങ്ങളില്‍ നിന്ന് പഠിച്ചതല്ല. അവന്റെ യുക്തിയില്‍ നിന്ന് വന്നതാണ്. ഒന്ന് കോണ്‍വെക്‌സ് ലെന്‍സുകളെക്കുറിച്ചുള്ളതാണ്. മറ്റൊന്ന് ഗുരുത്വാകര്‍ഷണത്തെ കുറിച്ചുള്ളതും. ഒന്നിന് മുഴുവന്‍ മാര്‍ക്കും നല്‍കി. മറ്റേത് നിര്‍ദാക്ഷണ്യം വെട്ടിക്കളഞ്ഞു. അതിനൊപ്പം ഒരു കമന്റും അധ്യാപകന്‍ നല്‍കിയിട്ടുണ്ട്. എന്താണ് നമ്മുടെ അധ്യാപകര്‍ കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍സിനെപ്പോലെ പെരുമാറുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല.'
ഗുരുത്വാകര്‍ഷണത്തെക്കുറിച്ചുള്ള ഉത്തരമാണ് വെട്ടിക്കളഞ്ഞത്. 'മുകളിലേക്ക് പോവുന്നതൊക്കെ തീര്‍ച്ചയായും താഴേക്ക് വരും എന്നതാണ് ഗുരുത്വാകര്‍ഷണം' എന്നാണ് ഉത്തരമായി നല്‍കിയിരിക്കുന്നത്. വൗ, മികച്ച സിദ്ധാന്തം എന്നാണ് അതിന് അധ്യാപകന്‍ കമന്റ് നല്‍കിയത്.
ഇതിനെയാണ് റസൂല്‍ പൂക്കുട്ടി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുന്നത്. സ്റ്റാന്‍ഡ് അപ്പ് കോമേഡിയന്‍ കുനാല്‍ കമ്ര സഞ്ചരിച്ച എയര്‍ലൈന്‍സിന് സമാനമാണ് അധ്യാപകരുടെ നിലപാട് എന്നാണ് പൂക്കുട്ടിയുടെ വിമര്‍ശനം.
വിമാനത്തില്‍ വച്ച് റിപ്ലബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയെ ശല്യം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി കുനാല്‍ കമ്രയെ ഒരു സ്വകാര്യ എയര്‍ലൈന്‍ കമ്പനി വിലക്കിയിരുന്നു. വിമാനത്തില്‍ വച്ച് അര്‍ണാബിനോട് ചോദ്യം ചോദിക്കുകയും അത് വീഡിയോയില്‍ പകര്‍ത്തുകയുമായിരുന്നു കുനാല്‍ കമ്ര.