നിരോധിക്കേണ്ട വാക്കാണ് മാടമ്പി, ഞാനത് ഏതോ പുഴക്കരയില്‍ എന്നോ വിട്ടു: രഞ്ജിത്ത്
Home > Malayalam Movies > Malayalam Cinema Newsമാടമ്പി എന്ന ആശയം താന്‍ എന്നോ വിട്ടെന്നും ഇനിയും അത് ചുമന്ന് നടക്കേണ്ട കാര്യമില്ലെന്നും സംവിധായകന്‍ രഞ്ജിത്ത്. അയ്യപ്പനും കോശിയും ചിത്രവുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിത്രത്തിന്റെ പോസ്റ്ററില്‍ പൃഥ്വിരാജ് ഒരു ബൈക്കിന് മുകളില്‍ കാല്‍ എടുത്ത് വെക്കുന്ന രംഗത്തെക്കുറിച്ചും മാടമ്പിത്തരത്തെക്കുറിച്ചുമുള്ള ചോദ്യത്തിന് ഉത്തരമായിട്ടായിരുന്നു രഞ്ജിത്തിന്റെ മറുപടി.
'നിരോധിക്കപ്പെടേണ്ട വാക്കാണ് മാടമ്പി. ഇത് കുറേക്കാലമായി പലരും ചുമന്ന് നടന്നിട്ടുണ്ട്. ഇത് പഴയ ആ സെന്‍ കഥ ഓര്‍മയില്ലേ. പുഴ കടക്കും വരെ ആ ഗുരു സ്ത്രീയെ ചുമന്നിരുന്നു. രാത്രി പാതിരായ്ക്കാണ് ശിഷ്യന്‍ സ്ത്രീയെക്കുറിച്ച് ചോദിക്കുന്നത്. ഞാന്‍ ആ സ്ത്രീയെ ആ പുഴക്കരയില്‍ ഇറക്കിവിട്ടു, നീ ഇപ്പോഴും അത് ചുമക്കുന്നോ? എന്ന് ഗുരു ചോദിച്ച പോലെ ചോദിക്കാനേ എനിക്ക് പറ്റൂ. അതിന് മാടമ്പി എന്നൊക്കെ ലേബല്‍ ചെയ്ത് ഇപ്പഴും കൊണ്ട് നടക്കേണ്ട കാര്യമൊന്നുമില്ല. ഇതിനടയ്ക്ക് പലതരം സനിമകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ എഴുതി സംവിധാനം ചെയ്തത് തന്നെ. അതൊക്കെ ബോധപൂര്‍വം മറന്ന് കൊണ്ട് ഇപ്പഴും ഈ മാടമ്പി എന്ന് പറഞ്ഞു കൊണ്ട്... ഞാനതൊക്കെ ഏതോ പുഴക്കരയില്‍ എന്നോ ഇറക്കിയതാണ് സുഹൃത്തേ..' - രഞ്ജിത്ത് വ്യക്തമാക്കി.
അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ജെയ്ക്ക് ബിജോയ്സ് ആണ് ഈണം നല്‍കിയിരിക്കുന്നത്. സുധീപ് ഇളമണ്‍ ആണ് ഛായാഗ്രഹണം. അട്ടപ്പാടി, പാലക്കാട് എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം സെന്‍ട്രല്‍ പിക്ചേഴ്സ് ആണ് പ്രദര്‍ശനത്തിനെത്തിക്കുക്കുന്നത്. ചിത്രം നാളെ തീയേറ്ററുകളിലെത്തും.
നിരോധിക്കേണ്ട വാക്കാണ് മാടമ്പി, ഞാനത് ഏതോ പുഴക്കരയില്‍ എന്നോ വിട്ടു: രഞ്ജിത്ത് VIDEO