ആനക്കൊമ്പ് കേസില്‍ മോഹന്‍ലാലിന് ആശ്വാസം; കേസ് പിന്‍വലിക്കാനൊരുങ്ങി സര്‍ക്കാര്‍
Home > Malayalam Movies > Malayalam Cinema Newsനടന്‍ മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് വ്യക്തമാക്കി കേരള സര്‍ക്കാര്‍. കേസില്‍ മോഹന്‍ലാലിന്റെ അപേക്ഷയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നോ ഓബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് പുറപ്പെടുവിച്ചെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
ഇത് സംബന്ധിച്ച് അഡീഷനല്‍ ചീഫ് സെക്രട്ടറി ഫെബ്രുവരി ഏഴിന് എറണാകുളം ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കിയെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്ന് കത്തില്‍ പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നോണ്‍ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് 2016 ജനുവരിയിലും 2019 സെപ്തംബറിലും മോഹന്‍ലാല്‍ സംസ്ഥാന സര്‍ക്കാരിനോട് അപേക്ഷിച്ചിരുന്നു. ഈ രണ്ട് കത്തുകള്‍ക്ക് പുറമെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയതും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയതുമായ കത്തുകള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
2011-ല്‍ മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നടന്ന റെയ്ഡില്‍ ആദായ നികുതി വകുപ്പ് ആനക്കൊമ്പുകള്‍ പിടിച്ചെടുത്തിരുന്നു. വന്യ ജീവി നിയമപ്രകാരം ഏഴ് വര്‍ഷം തടവും കുറഞ്ഞത് 10,000 രൂപ പിഴയും ലഭിക്കാവുന്ന കേസ് ആണ് മോഹന്‍ലാലിനെതിരെ ഫയല്‍ ചെയ്തിട്ടുള്ളത്.
ഒന്നാം പ്രതിയായ മോഹന്‍ലാലിന് പുറമെ, തൃശ്ശൂര്‍ ഒല്ലൂര്‍ സ്വദേശി പി.എന്‍ കൃഷ്ണകുമാര്‍, തൃപ്പൂണിത്തുറ സ്വദേശി കെ. കൃഷ്ണകുമാര്‍, ചെന്നൈയില്‍ താമസിക്കുന്ന നളിനി രാധാകൃഷ്ണന്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. 2011-ല്‍ വനം വകുപ്പ് ഫയല്‍ ചെയ്ത കേസ് ഇപ്പോള്‍ പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണുള്ളത്. കേസ് മാര്‍ച്ചില്‍ പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ എന്‍.ഓ.സി.