'മരട് 357'; വിവാദ ഫ്‌ളാറ്റുകളുടെ കഥയുമായി കണ്ണന്‍ താമരക്കുളം - ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
Home > Malayalam Movies > Malayalam Cinema NewsBy Jadeer | Jan 10, 2020 05:54 PM
ഏറെ വിവാദമുണ്ടാക്കിയ മരട് ഫ്‌ളാറ്റ് വിഷയം ആസ്പദമാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രം 'മരട് 357'ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സംവിധായകന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും കണ്ണന്‍ കുറിച്ചിട്ടുണ്ട്.
'വിധി കഴിയുമ്പോള്‍ വിചാരണ തുടങ്ങുന്നു' എന്ന ടാഗ് ലൈനിലാണ് പോസ്റ്റര്‍. വലിയ ഒരു കെട്ടിടത്തിന്റെ ബ്ലൂപ്രിന്റിന്റെ കാന്‍വാസില്‍ മരട് 357 എന്നെഴുതിയ ടൈറ്റില്‍ മാത്രമാണ് പോസ്റ്ററിലുള്ളത്.
അബ്രഹാം മാത്യുവും സുദര്‍ശനന്‍ കാഞ്ഞിരംകുളവുമാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. രവിചന്ദ്രനാണ് ഛായാഗ്രാഹകന്‍. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവര്‍ ഗാനരചന നിര്‍വഹിക്കും. ഫോര്‍ മ്യൂസിക്‌സ് ആണ് സംഗീതം. സാനന്ദ് ജോര്‍ജ് പശ്ചാത്തല സംഗീതമൊരുക്കും.
ജയറാമിനെ നായകനാക്കി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പട്ടാഭിരാമനാണ് കണ്ണന്‍ താമരക്കുളത്തിന്റെ അവസാനം റിലീസ് ചെയ്ത ചിത്രം. ആടുപുലിയാട്ടം, അച്ചായന്‍സ്, ചാണക്യതന്ത്രം എന്നിവയാണ് ഇദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍.
എറണാകുളത്ത് മരട് നഗരസഭയില്‍ നിയമ വിരുദ്ധമായി നിര്‍മിച്ച ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. തീരദേശ നിയമങ്ങള്‍ ലംഘിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോരിറ്റി നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവ്. ഉത്തരവിനെ തുടര്‍ന്ന് ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപ്പാര്‍ട്ടുമെന്റ്, ആല്‍ഫ വെഞ്ചേഴ്സ് എന്നീ അഞ്ച് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.