'താരപദവി ഇന്നില്ല, അതെല്ലാം നാടു നീങ്ങി'; നടനെന്ന പരിഗണന വേണ്ടെന്നും ഫഹദ്
Home > Malayalam Movies > Malayalam Cinema Newsകരിയറിലെ മികച്ച കാലത്തിലാണ് ഫഹദ് ഫാസില്‍ ഇപ്പോള്‍. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളാണ് ഫഹദിന്റെ ഓരോ ചിത്രങ്ങളും. പുറത്തിറങ്ങാനുള്ള ചിത്രങ്ങളും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലെ മിനിമം ഗ്യാരന്റിയുള്ള എണ്ണം പറഞ്ഞ താരങ്ങളില്‍ ഒരാളാണ് ഫഹദ് ഇന്ന്. എന്നാല്‍ താരപദവി എന്ന സംഭവം ഇന്നില്ല എന്നാണ് ഫഹദിന്റെ അഭിപ്രായം. ഇന്ന് എല്ലാവരും എല്ലാതരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും താരപദവി ഒരുപരിധി വരെ നാടുനീങ്ങിയെന്നും ഫഹദ് പറയുന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം വ്യക്തമാക്കിയത്.
കള്ളന്‍, മനോരോഗി എന്നീ റോളുകള്‍ പല നടന്മാരും താരപദവിക്ക് യോജിക്കില്ല എന്ന് പറഞ്ഞ് ഒഴിവാക്കാറുണ്ട്, ഫഹദ് അത്തരം കാര്യങ്ങള്‍ പരിഗണിക്കാറില്ലേ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണ് ഫഹദിന്റെ മറുപടി.
'താരപദവി എന്ന സംഭവമൊന്നും ഇപ്പോഴില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഒരു പരിധിവരെ അതെല്ലാം നാടുനീങ്ങി. എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് തോന്നുന്നു. ഇപ്പോള്‍ ഞാന്‍ ചെയ്ത ചില സിനിമകള്‍ ബോളിവുഡില്‍ റീമേക്ക് ചെയ്യാനുള്ള ശ്രമം നടക്കുകയാണ്. അവിടുത്തെ സൂപ്പര്‍ സ്റ്റാറുകളാണ് അതില്‍ അഭിനയിക്കാന്‍ പോവുന്നത്.' -ഫഹദ് പറഞ്ഞു.
തനിക്ക് നായക വേഷം തന്നെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും കഥയുടെ അടിസ്ഥാനത്തിലാണ് താന്‍ സിനിമകളെയും കഥാപാത്രങ്ങളെയും വിലയിരുത്തുന്നതെന്നും ഫഹദ് പറഞ്ഞു.
ഒരു നടനാണെന്നുള്ള ഒരു പരിഗണനയും തനിക്ക് വേണ്ടെന്നും ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളാണ് എന്ന പരിഗണന മാത്രം മതിയെന്നും ഫഹദ് വ്യക്തമാക്കി. 'എനിക്ക് ആകെ വേണ്ടത് ഈ കാലഘട്ടത്തില്‍ ജീവിക്കുന്ന ഒരാളാണ്. എന്റെ ജോലി ഇന്നതാണ് എന്ന ഐഡന്റിറ്റി മാത്രമാണ്. ഞാന്‍ അഭിനയിക്കുന്ന സിനിമകള്‍ നല്ലതാണെങ്കില്‍ എല്ലാവരും കാണുക. അല്ലാതെ ഞാന്‍ നടനായത് കൊണ്ട് ഞാന്‍ അഭിനയിക്കുന്ന എല്ലാ സിനിമകളും എല്ലാവരും കാണണമെന്ന അവകാശവാദമോ നിര്‍ബന്ധമോ എനിക്കില്ല.'- ഫഹദ് പറഞ്ഞു.
ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം ട്രാന്‍സ് ഫെബ്രുവരി 14-ന് തീയേറ്ററുകളിലെത്തും. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നസ്രിയ ആണ് നായിക.