പൃഥ്വിരാജ് എമ്പുരാന്‍ സമര്‍പ്പിക്കുന്നത് ഈ ഇതിഹാസ നടന്; ആദരം നേര്‍ന്ന് ട്വീറ്റ്
Home > Malayalam Movies > Malayalam Cinema Newsമലയാള സിനിമയിലെ അതുല്യ കലാകാരനായിരുന്ന ഭരത് ഗോപിയുടെ 12-ാം ഓര്‍മ ദിനമാണിന്ന്. താന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം 'എമ്പുരാന്‍' ഭരത് ഗോപിക്ക് സമര്‍പ്പിക്കുന്നു എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പൃഥ്വിരാജ് ഈ ദിവസം. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പൃഥ്വി തന്റെ ആദരം അറിയിച്ചത്.
'ജീവിച്ചിരുന്നതില്‍ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാള്‍. കണ്ടു മുട്ടിയ സമയത്ത് ഞാന്‍ അറിഞ്ഞില്ല, അദ്ദേഹത്തിന്റെ മകനും ഞാനും സഹോദരങ്ങളായി മാത്രമല്ല, ഒരു സംവിധായകനും എഴുത്തുകാരനും എന്ന നിലയിലും ബന്ധം സ്ഥാപിക്കുമെന്ന്. 'എമ്പുരാന്‍' നിങ്ങള്‍ക്കുള്ളതാണ് അങ്കിള്‍.' #ഇതിഹാസം' - എന്നാണ് ഭരത് ഗോപിയുടെ ചിത്രം പങ്കുവച്ച് പൃഥ്വി ട്വീറ്റ് ചെയ്തത്.
വി. ഗോപിനാഥന്‍ നായര്‍ എന്നാണ് ഭരത് ഗോപിയുടെ യഥാര്‍ഥ പേര്. കൊടിയേറ്റം എന്ന ചിത്രത്തിലെ അഭിനയത്തിന് 1978-ല്‍ ഇദ്ദേഹത്തിന് ഏറ്റവും മികച്ച നടനുള്ള ഭരത് പുരസ്‌കാരം ലഭിച്ചു. സംവിധാനം, നിര്‍മാണം എന്നീ മേഖലയിലും ഭരത് ഗോപി കഴിവ് തെളിയിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ യമനം എന്ന ചിത്രത്തിന് 1991-ല്‍ സാമൂഹിക വിഷയങ്ങളിലെ ഏറ്റവും നല്ല ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഗോപി രചിച്ച 'അഭിനയം അനുഭവം' എന്ന പുസ്തകത്തിന് ചലച്ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും നല്ല പുസ്തകത്തിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. പത്മശ്രീ അവാര്‍ഡ് അടക്കം നിരവധി ബഹുമതികള്‍ക്ക് ഉടമയാണ്. 2008 ജനുവരി 29-നാണ് അദ്ദേഹം മരിച്ചത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം 'എമ്പുരാന്‍'ന്റെ തിരക്കഥ രചിക്കുന്നത് ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപിയാണ്. ബോക്‌സ് ഓഫിസില്‍ കോടികള്‍ വാരിയ ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ഇപ്പോള്‍ കരാര്‍ ചെയ്ത ചിത്രങ്ങള്‍ക്ക് ശേഷം എമ്പുരാന്റെ ചിത്രീകരണത്തിലേക്ക് കടക്കാനിരിക്കുകയാണ് പൃഥ്വിരാജ്.
അതേസമയം, അനാര്‍ക്കലിക്ക് ശേഷം സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം അയ്യപ്പനും കോശിയും റിലീസിനൊരുങ്ങുകയാണ്. ബിജുമേനോനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അന്നാ രേഷ്മാരാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, തരികിട സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.
One of the greatest actors to have lived. Little did I know during the times we met, that his son and I would grow up to forge a bond not just as brothers..but as a writer and director too. Empuraan is for you uncle! #Legend pic.twitter.com/5nZuf1lVpJ
— Prithviraj Sukumaran (@PrithviOfficial) January 29, 2020