'നയന്‍താരയ്ക്ക് ആ പേരിട്ട ഞാന്‍ സമ്പൂര്‍ണ പരാജിതനായി വീട്ടിലിരിക്കുന്നു'; കുറിപ്പ്
Home > Malayalam Movies > Malayalam Cinema Newsതെന്നിന്ത്യയിലെ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ യഥാര്‍ഥ പേര് ഡയാനയെന്നാണെന്ന് ആരാധകരില്‍ മിക്കവര്‍ക്കും അറിയാം. ഡയാന മറിയം എങ്ങനെ നയന്‍താരയായി? ആ പേരിട്ടത് ആരാണ്? ആ രഹസ്യം വ്യക്തമാക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് അധ്യാപകനും സിനിമാ എഴുത്തുകാരനുമായ ജോണ്‍ ഡിറ്റോ പി.ആര്‍.
പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രഫര്‍ സ്വാമിനാഥനെ കാണാന്‍ ചെന്നപ്പോള്‍ സത്യന്‍ അന്തിക്കാടിന്റെ പുതിയ നായികയ്ക്ക് ഒരു പേര് നിര്‍ദേശിക്കാന്‍ പറഞ്ഞെന്നും അപ്പോള്‍ താനാണ് നയന്‍താര എന്ന പേര് നിര്‍ദേശിച്ചതെന്നുമാണ് ജോണ്‍ ഡിറ്റോ അവകാശപ്പെടുന്നത്.
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളി പേരില്‍ നിന്നാണ് തനിക്ക് നയന്‍താര എന്ന പേര് കിട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി.
'അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു' - ജോണ്‍ ഡിറ്റോ ഫേസ്ബുക്കില്‍ കുറിച്ചു.
ജോണ്‍ ഡിറ്റോയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
2003..
തിരക്കഥാകൃത്തും സംവിധായകനുമായ എ.കെ സാജന്‍ സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം.
ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു.
ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി.
വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ.
'ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു.
ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍
ചിന്തിച്ചു ..
മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി.
...നയന്‍താര....
ഞാന്‍ പറഞ്ഞു: നയന്‍താര ..
സാജന്‍സാര്‍ തലയാട്ടി...
സ്വാമിനാഥന്‍ സാറും തലകുലുക്കി.
പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു.
അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ ...
സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു.
നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.
ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്..
'പുതിയ നിയമം' എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല.
എങ്കില്‍ ഈക്കഥ പറയാമായിരുന്നു.